2007-06-17

കോലാഹലം!

എന്തൊരു കോലാഹലമാണിത്. ഒന്നെഴുതാന്‍ ഇരുന്നതാണ്. കതകടച്ച്, പഴുതുകളടച്ച് ശബ്ദമില്ലാതെ ഒരിത്തിരിനേരം. താളില്‍ വാക്കുകളുടെ കലഹം. അക്ഷരങ്ങളുടെ യുദ്ധം. എന്തൊരു ശ്ബദമാണിത്. ചെകിടുപൊട്ടുന്നതുപോലെ. പേനത്തുമ്പില്‍ നിന്ന് പതിക്കുന്നവ മെല്ലെ മണലില്‍ ഊര്‍ന്ന് വീഴാതെ, പധോം എന്ന് പാറക്കെട്ടില്‍ വീഴുന്നു, വല്ലാത്തൊരു മുഴക്കത്തോടെ.

ശീലയുടുത്ത് ചമയുന്ന യ ക്കും മ ക്കും കസവുരസുന്ന ശബ്ദം.
ക്ക യുടെ വീര്‍പ്പുമുട്ടലിന്റെ മുഴക്കം.
ഭ യുടെ പുലയാട്ടൊ അശ്ലീലം.
ന യുടെ നിരനിരയായുള്ള മൌനജാഥക്കുമുണ്ട് മുഴക്കം. അരിച്ചിറങ്ങുന്ന ശ്വാസത്തിന്റെ മുഴക്കം.
ഉരുണ്ട് വീഴുന്ന മൂട് തിരുമ്മിയെഴുന്നേറ്റ് നിവര്‍ന്ന് നില്‍ക്കുന്ന അ ക്ക് കൂട്ടുകാരുടെ പരിഹാസത്തിന്റെ ശബ്ദം.
ഉ ക്ക് ടീച്ചറിന്റെ ചൂരലിന്റെ സീല്‍ക്കാരവും.
ഋ യുടെ ഭയപ്പെടുത്തുന്ന മന്ത്രങ്ങള്‍.
ഝ യുടെ ശിവപാര്‍വ്വതി താണ്ഡവം.
ഗര്‍ജ്ജിക്കുന്ന ഛ യും.
ണ യുടെ നാണത്തിന്റെ പതിഞ്ഞ സ്വരം.
ഗ യുടെ ഗാനാലാപാവും ര യുടെ കൊഞ്ചലും.
പ യുടെ പിണക്കവും ഢ യുടെ പൊങ്ങച്ചവും.
ചുണ്ടില്‍ വിരലുകളടുപ്പിച്ച് മുറിക്കിത്തുപ്പുന്ന ഏ യും.
ബ യുടെ കൂര്‍ക്കം വലിയും ഴ യുടെ മദ്യാസക്തിയും.
ഠ യുടെ പഴുതിലൂടെ ഓടിയൊളിക്കുന്ന പുറംകാ‍ഴ്ചകളുടെ ശബ്ദം.

പിടഞ്ഞു വീഴുന്ന വാക്കുകളുടെ രോദനം. താളില്‍ നിന്നെന്നെ തുറിച്ചുനോക്കുന്ന അക്ഷരങ്ങളുടെ തുളച്ചിറങ്ങുന്ന നോട്ടത്തിനുമുണ്ട് ശബ്ദം. കര്‍ണ്ണകഠോരം! എന്തൊരു കഷ്ടമാണിത്. ഈ കോലാഹലത്തിനു നടുവിലിരുന്നെങ്ങിനെ എഴുതും ഞാന്‍? ശ്ശ് ശ്ശ്!

2007-06-07

മലയാളം ബ്ലോഗിങ്ങും ഞരമ്പ് രോഗികളും!

വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമെന്നെല്ലാം മലയാളികളെ വിശേഷിപ്പിക്കാറുണ്ടെങ്കിലും, പൊതുവേ സ്ത്രീകളോട് ഇതര സംസ്ഥാനങ്ങളിലുള്ളവരെ അപേക്ഷിച്ച് വളരെ മോശമായ രീതിയില്‍ പെരുമാറുന്നവരാണ് കേരളീയര്‍. ഒരു പ്രാവശ്യം തിരക്കുള്ള ബസ്സിലൊ, വഴിയിലോ കൂടി നടന്ന് പോയാല്‍ അശ്ലീലം കൊണ്ട് സ്ത്രീകളെ, എന്ത് പ്രായം ആയിക്കൊള്ളട്ടെ, പൊതിയാറാണ് പതിവ്. എന്നാല്‍ കേരളത്തിലെ സ്ത്രീകളാവട്ടെ ഇനിയും ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാന്‍ മടിച്ചു നില്‍ക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണെന്ന് തോന്നുന്നു കോഴിക്കോടെവിടെയൊ വെച്ച് ഒരു പെണ്‍കുട്ടിയുടെ കൈയ്യില്‍ ഏതോ സാമൂഹ്യദ്രോഹി പിടിച്ചുവെന്ന ഒരൊറ്റ കാരണത്താല്‍ ആത്മഹത്യ ചെയ്ത സ്ത്രീകളുടെ നാടാണ് നമ്മുടേത്. ഞരമ്പ് രോഗികളുടെ ഉപദ്രവം കാരണം മാനസികനില വരെ തെറ്റിപ്പോയ സ്ത്രീകളെ എനിക്കറിയാം. ഞരമ്പ് രോഗികള്‍ കാണിക്കുന്ന വിനോദങ്ങള്‍ക്ക്, അല്ലെങ്കില്‍ ‘ഒ, ആണ്‍കുട്ടികള്‍ കുറച്ചൊക്കെ അങ്ങിനെ ചെയ്യും’ എന്നുള്ള ഒരു പൊതുസാമൂഹ്യ നിലപാടുള്ളതുകൊണ്ട് ബലിയാടാവുന്നത് നമ്മെപോലെയുള്ള സ്ത്രീകളാണ്.

ഇത് വഴിവക്കിലൊ, ഓട്ടൊ സ്റ്റാന്‍ഡിലോ മാത്രമാണ് നടക്കുന്നെതെന്ന് വിചാരിച്ചാല്‍ തെറ്റി. സ്കൂളിലും കോളേജിലും ജോലി സ്ഥലങ്ങളിലുമെല്ലാം ഇതിന്റെ പല വകഭേദങ്ങളുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും സ്ത്രീകളെ മിക്കപ്പോഴും ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് വിദ്യാസമ്പന്നരുടെ ഇടയില്‍ തന്നെയാണ്. പി. ഇ. ഉഷ, നളിനി നെറ്റൊ കേസുകള്‍ ഉദാഹരണം. (Refer: Sexual Violence and Predicament of Feminist Politics in Kerala )

പൊതുവേ വിദ്യാസമ്പന്നരുടെ ഇടയില്‍ സ്ത്രീകളെ ആക്രമിക്കുന്നത്, പുരുഷനു അവള്‍ ഭീ‍ഷണിയാണെന്ന് തോന്നുന്ന മാനസികാവസ്ഥയിലാണ്. “ഹെ, അവള്‍ ഒരു പെണ്ണല്ലെ, അവള്‍ക്കിത്രെം വിവരമൊ?” “പൊട്ടും കുത്തി, കണ്ണുമെഴുതി സീരിയലിന്റെ കഥ പറഞ്ഞ് ഇരിക്കേണ്ടവള്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നൊ?” - ഇങ്ങിനെയൊരു കാഴ്ചപ്പാടില്‍ നിന്ന് ഉടലെടുക്കുന്നതാണ്, എന്നാല്‍ അവളെ ഒന്ന് ആക്രമിക്കണമെന്നും അവളുടെ വാ അടപ്പിക്കണം എന്നു തോന്നുന്ന ഞരമ്പ് രോഗികളുടെ ക്രിമിനല്‍ ബിഹേവിയര്‍. ഇതിനെതിരെ സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ പോലും, ഇതിനെ മറ്റു പുരുഷന്മാര്‍ പ്രതികരിക്കുന്നത് ശ്രദ്ധിച്ചാല്‍, “അല്ലെങ്കിലുമവള്‍ക്ക് കുറച്ച് സ്മാര്‍ട്ടനെസ്സ് കൂടുതലാ, പുരുഷന്മാരെ ഒരു വിലയുമില്ല” എന്നൊക്കെയുള്ള അതീവ ഗുരുതരമായ ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സില്‍ നിന്ന് ഉടലെടുക്കുന്ന റിയാക്ഷനാണ്.

സ്വന്തമായിട്ട് ഞാനാരുമായില്ല എന്ന തോന്നല്‍ ഉള്ളപ്പോഴാ‍ണ് മറ്റുള്ളവരെ ആക്രമിച്ചും പരിഹസിച്ചും നോവിച്ചും ആത്മസംതൃപ്തി കണ്ടെത്താന്‍ മിക്കവരും ശ്രമിക്കുന്നത് എന്ന് സൈകോളജിസ്റ്റുകള്‍ വിലയിരുത്തുന്നു. ഇതൊന്നുമല്ലെങ്കില്‍ വീട്ടില്‍ ഭാര്യ പറയുന്നത് കേള്‍ക്കേണ്ടി വരുന്നു, ജോലിസ്ഥലത്ത് സ്ത്രീയാണ് ബോസ്, അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ വെളിയില്‍ ഇറങ്ങി മറ്റു സ്ത്രീകളോട് പരാക്രമം കാണിച്ചാല്‍ ആത്മശാന്തി ലഭിക്കും എന്നു കരുതുന്ന ഒരു കൂട്ടരുമുണ്ട്.

ചുരുക്കം പറഞ്ഞാല്‍ സ്ത്രീകള്‍ ഒരു ഇരയാണ്, വേട്ടയാടാനും ആക്രമിക്കാനും ഉള്ള ഒരു ഇര - ഞരമ്പ് രോഗമുള്ള പുരുഷന്മാര്‍ക്ക്. മിക്കപ്പോഴും മനുഷ്യന്‍ എന്ന പരിഗണന പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്നു.

എങ്ങിനെയാണ് മിക്കപ്പോഴും സ്ത്രീയെ ആക്രമിക്കാന്‍ തുനിയുക? ബുദ്ധിപരമായി അവളോട് വാദിക്കാനൊ അല്ലെങ്കില്‍ ചിലപ്പോള്‍ അവളോട് തോന്നുന്ന നിസ്സാരമായ അസൂയയോ അങ്ങിനെ എന്തെങ്കിലും ചെറിയ കാരണമൊ മതി, അശ്ലീല ചുവയുള്ള കമന്റുകളും അല്ലെങ്കില്‍ പ്രയോഗങ്ങളും തൊടുത്തുവിടാന്‍ ഞരമ്പ് രോഗികള്‍ക്ക് കാരണമാവുന്നത്. അതില്‍ അവള്‍ വാ പൂട്ടുമെന്നും ഭയക്കുമെന്നും കാലാകാലങ്ങളായുള്ള പരിചയം കൊണ്ട് അവര്‍ക്കറിയാം. ഞരമ്പ് രോഗം സ്ത്രീകളില്‍ പൊതുവേ കണ്ട് വരാത്തതുകൊണ്ട് അതേരീതിയുള്ള അശ്ലീലം തിരിച്ച് അവള്‍ പൊതുവേ പറയാറില്ല. മാത്രവുമല്ല, ഒരു സ്ത്രീയുടെ വായില്‍ നിന്ന് അശ്ലീലം വരുത്തിയാല്‍ അത് കേട്ട് സന്തോഷിക്കുന്നവരും സായൂജ്യപ്പെടുന്നവരുമാണ് മിക്ക ഞരമ്പ് രോഗികളും. അത്രമാത്രം വികലമാണ് അവരുടെ വ്യക്തിത്വം. സഹികെട്ട് “നിന്റെ അമ്മയും പെങ്ങളും അങ്ങിനെയായിരിക്കുമെടാ” എന്നോ മറ്റൊ പൊതുവേ തിരിച്ച് പറയുന്നതുപോലെ പറഞ്ഞാല്‍, അവിടേയും ആക്രമിക്കപ്പെടുന്നത് ഒന്നുമറിയാത്ത മറ്റൊരു സ്ത്രീയാണ്.

ഇത് കേരളത്തില്‍ മാത്രം കണ്ട് പിടിച്ചതോ ഉത്ഭവിച്ചതോ ആയ പ്രതിഭാസം ഒന്നുമല്ല എന്ന് നമുക്കറിയാം. ഇത് എല്ലാ സ്ഥലങ്ങളിലും രാജ്യങ്ങളിലും പല രീതിയിലും പല ഭാവത്തിലുമുണ്ട്. കേരളത്തിലെ സ്ത്രീകള്‍ പൊതുവേ വിദ്യാസമ്പന്നരായതുകൊണ്ട് ഇങ്ങിനെയുള്ള ആക്രമണങ്ങള്‍ ഒരു ആക്രമണം തന്നെയെന്ന് തിരിച്ചറിയാന്‍ എങ്കിലും സാധിക്കുന്നു. അതാണ് ആദ്യം വേണ്ടത്. ഇത് പൊതുവേയുള്ള ഒരു സാമൂഹ്യ നീതിയല്ല, ഇതൊരാക്രമണം എന്ന് ആദ്യം സ്ത്രീകള്‍ തിരിച്ചറിയേണ്ടിരിക്കുന്നു.

ബ്ലോഗുകള്‍ വന്നിട്ട് അധികം കാലമായില്ലെങ്കിലും, ബ്ലോഗില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ ശ്രദ്ധേയമാണ്. സ്ത്രീകള്‍ മാത്രം എഴുതുന്ന ഫുഡ്ബ്ലോഗുകളും, ആക്റ്റിവിറ്റി ബ്ലോഗുകളും, ഒപ്പീനിയന്‍ ബ്ലോഗുകളും, ടെക്ക് ബ്ലോഗുകളും കൊണ്ട് സമ്പന്നമാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകം. ബ്ലോഗുകള്‍ നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം തികച്ചും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നത് സ്ത്രീകളാണ് എന്ന് തോന്നിയിട്ടുണ്ട്. പൊതുവേ ബ്ലോഗുകളില്‍ കമന്റ് മോഡറേറ്റ് ചെയ്യാമെന്നുള്ളതുകൊണ്ടും മറ്റും തികച്ചും സുരക്ഷിതമായുള്ള ഒരന്തരീക്ഷം കൂടിയാണ് ബ്ലോഗിങ്ങ്. (Refer: Women hog half of blogs)

ബ്ലോഗ് സുരക്ഷിതമായ സ്ഥലം എന്ന് ഞാന്‍ തറപ്പിച്ച് പറയാന്‍ വരട്ടെ.

സ്ത്രീകള്‍ക്ക് പൊതുവേ എല്ലാ കാര്യത്തിലും സ്വാതന്ത്ര്യമുള്ള നാടായ നോര്‍ത്ത് അമേരിക്കയില്‍ ഈയടുത്ത് നടന്ന കടുത്ത അപലനീയമായൊരു വസ്തുതയാണ് കാത്തി സിയാര എന്ന വനിതാ ബ്ലോഗെര്‍ക്കെതിരെ നടന്നത്. ഇന്റര്‍നെറ്റ് സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വിധത്തിലായിരുന്നു ആക്രമണം. ഇതുവരെ കാണാത്ത കേള്‍ക്കാത്ത ഒരു വനിതാ ബ്ലോഗറെ ഒരുപാട് ദൂരെയിരുന്ന് വരെ ആക്രമിക്കാമെന്ന് കാണിച്ച് തന്നു ഒരു കൂട്ടം ഞരമ്പ് രോഗികള്‍. അവര്‍ എഴുതുന്നത് പൊതുവേ ആക്രമണവിധേയമാവാത്ത ടെക്നോളജിയെക്കുറിച്ചുള്ള ബ്ലോഗാണ്. എങ്കിലും, അവരുടെ ഒരു ചിത്രത്തെ ദുഷിപ്പിച്ച് മോര്‍ഫ് ചെയ്തു മറ്റൊരു സൈറ്റില്‍ ഹോസ്റ്റ് ചെയ്ത് ഒരു കൂട്ടം ഞരമ്പ് രോഗികള്‍ (സ്വന്തമായി ബ്ലോഗുള്ളവര്‍ തന്നെ) ആക്രമണം അഴിച്ചു വിട്ടു. എന്തിനു? അവര്‍ ടെക്നോളജിയെക്കുറിച്ച് എഴുതുന്നതൊന്നും ഒരു കൂട്ടമാളുകള്‍ക്ക് പിടിക്കുന്നില്ലത്രെ. എന്ത് മഹത്തരമായ കാരണം ഒരു മനുഷ്യനെ ആക്രമിക്കുവാന്‍! അതെ, അവിടേയും അശ്ലീലം എഴുതി ഒരു സ്ത്രീയുടെ വായടപ്പിക്കാനുള്ള കുത്സിതശ്രമം. സ്ത്രീകളെ ആക്രമിക്കുവാന്‍ പൊതുവേ കരുതുന്നതുപോലെ പ്രകോപനപരമായ യാതൊരു കാരണവും വേണ്ട, വെറും സ്ത്രീയായാല്‍ മാത്രം മതി എന്ന് കാണിക്കുന്നു ഇതെല്ലാം.

(കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇതിനോടനുബന്ധിച്ച് പല ബ്ലോഗുകളിലായി നടന്ന സംവാദങ്ങളുടേയും ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നുള്ളതിന്റേയും ഒരു ലേഖനത്തിന്റെ ലിങ്ക് )

ഇതേ തരം ഞരമ്പ് രോഗികള്‍ മലയാളം ബ്ലോഗിങ്ങിലും ഇപ്പോള്‍ കാര്യമായി കണ്ടു വരുന്നു. പിന്മൊഴിയില്‍ എഴുതിയാല്‍ കൂടുതല്‍ പേര്‍ വായിക്കും, ആസ്വദിക്കും, പ്രോത്സാഹിപ്പിക്കും എന്നുള്ളതും പെട്ടെന്ന് പ്രസിദ്ധരാവാം എന്നുള്ളതും ഇത്തരക്കാരെ ഇതിലോട്ട് ആകര്‍ഷിക്കുന്നു. എന്നാല്‍ ഇതേ കൂട്ടായ്മ ഉള്ളതുകൊണ്ട് തന്നെ ഇതിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കാനും ബ്ലോഗേര്‍സിനു സാധിക്കുന്നു. കുറച്ച് കാലങ്ങളായി പിന്മൊഴി വായിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിച്ചു കാണണം, ഏതെങ്കിലും സ്ത്രീ ഒരു കമന്റിട്ടാല്‍, വിസിലടിച്ച് ആളെക്കൂട്ടി, ഒളിഞ്ഞും മറഞ്ഞും ഓരോ കമന്റിട്ട്, വിവിധ യൂസര്‍ ഐഡിയില്‍ നിന്ന് മാറിയും മറിഞ്ഞും കമന്റിട്ട്, അനോണികളായി അശ്ലീലമായി കമന്റിട്ട് വാ അടപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ഞരമ്പ് രോഗികള്‍. ഇവര്‍ക്ക് മറ്റുള്ള പോസ്റ്റുകളിലോ കമന്റുകളിലോ ഒന്നിലും താല്‍പ്പര്യം ഉണ്ടാവില്ല. പെണ്ണുങ്ങള്‍ എന്തു ചെയ്യുന്നു, എന്ത് സംസാരിക്കുന്നു, അവര്‍ എന്നെ ശ്രദ്ധിക്കണം എന്ന് മാത്രമാണ് ഇവരുടെ ആത്യന്തികമായ ലക്ഷ്യം. ചികിത്സിക്കേണ്ട രോഗമാണിത്.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും അശ്ലീലത്തെയാണ്. ഇതിനെ എങ്ങിനെ പ്രതിരോധിക്കാം എന്ന് ബ്ലോഗ് വായനക്കാരിയായ ഓരോ സ്ത്രീയും ഓരോ വനിതാ ബ്ലോഗറും ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്ലോഗില്‍ സ്ത്രീകളുടെ നിലനില്‍പ്പു തന്നെയാണ് ഈ ഞരമ്പ് രോഗികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

ആദ്യം തന്നെ ചെയ്യേണ്ടത്, ഞരമ്പ് രോഗം തിരിച്ചറിയുക എന്നുള്ളതാണ്. ഇവരുടെ ചില പ്രത്യേകതകള്‍ എന്റെ നിരീക്ഷണത്തില്‍ ഉള്ളത് ഞാന്‍ കുറിച്ചിടുന്നു.

1. ഇവര്‍ എല്ലാ സ്ത്രീകളേയും ഒരേ സമയത്ത് ആക്രമിക്കില്ല.
തിരഞ്ഞ് പിടിച്ച് ഒന്നോ രണ്ടോ പേരോടായിരിക്കും എപ്പോഴും ആക്രമണം. ആ രീതി അവര്‍ അവലംഭിക്കുന്നത്, ഇവര്‍ ആക്രമിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തണം എന്ന ലക്ഷ്യം വെച്ചാണ്. നിങ്ങളെ ഞങ്ങള്‍ ആക്രമിക്കില്ല, പക്ഷെ ആ സ്ത്രീക്ക് എന്തോ കുഴപ്പുമുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ അവരെ മാത്രം ആക്രമിക്കുന്നത് എന്നവര്‍ വരുത്തിത്തീര്‍ക്കാന്‍ നോക്കും. ഒരു കാര്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീ എന്ത് തരത്തിലുള്ളവളായിക്കോട്ടെ, ഒരു വേശ്യയെപ്പോലും ആക്രമിക്കാ‍നോ എന്തിനു ഒന്ന് അശ്ലീലമായി ചൂളം വിളിക്കാനൊ ഒരു പുരുഷനും അധികാരമില്ല. അത് ആ സ്ത്രീക്ക് അരോചകമായി തോന്നിയാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. ഇന്ത്യയിലും വിദേശത്തും ഇപ്പോഴുള്ള ഏത് സമൂഹത്തിലും. ഇത് പലപ്പോഴും സ്ത്രീകള്‍ തന്നെ മനസ്സിലാക്കാറില്ല.

ഒരുദാഹരണം പറയാം.
ഈയിടെ മലയാളത്തില്‍ എഴുതി തുടങ്ങിയ ഒരു വനിതാ ബ്ലോഗറെ (ബ്ലോഗ് ലിങ്ക് കൊടുക്കുന്നില്ല, ആ കുട്ടിക്ക് സമ്മതമാണൊ എന്നറിയില്ല) പൊതുവേ മലയാളം വനിതാ ബ്ലോഗേര്‍സില്‍ നിന്നും അല്പം വ്യത്യസ്തമായി കുറച്ച് ബോള്‍ഡാ‍യി എഴുതിയെന്ന ഒരൊറ്റ കാരണം കൊണ്ട് ഈ ഞരമ്പ് രോഗികള്‍ അവരെ കൂട്ടമായി ആക്രമിച്ച് അവരുടെ ബ്ലോഗ് കുറച്ച് ദിവസത്തേക്ക് അടച്ചിടുവിപ്പിച്ചു. അവര്‍ എഴുതിയ പോസ്റ്റ് അതുകൊണ്ടാവാം അവര്‍ നീക്കം ചെയ്തു. അതേ തരം പോസ്റ്റുകള്‍ ഒരു പുരുഷനാണ് എഴുതിയിരുന്നെങ്കില്‍ ഉദാത്തമായ കൃതിയായി അത് കൊട്ടിഘോഷിക്കപ്പെട്ടേനെ. പച്ചമാംസത്തിന്റെ ജീവിതഗന്ധിയായ കഥയായി അത് തിരിഞ്ഞേനെ. അവര്‍ എഴുതിയതെല്ലാം വ്യക്തിപരമായി എന്റെ വായനക്ക് ഞാന്‍ തിരഞ്ഞെടുക്കുമായിരുന്നൊ എന്ന് ചോദിച്ചാല്‍, സത്യസന്ധമായി, അത് ഇല്ലായെന്നാവും. പക്ഷെ അതുകൊണ്ട് അവര്‍ ആക്രമിക്കപ്പെട്ടത് നിശബ്ദമായി കണ്ട് നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്ത് ന്യായമാണത്? ഏത് ന്യായമാണത്?

അവരെ ആക്രമിക്കുന്നത് കണ്ട് മറ്റുള്ള സ്ത്രീകള്‍ പകച്ച് മാറിനിന്നു. കാരണമുണ്ട്, ആ ആക്രമണം ഇനി നമ്മള്‍ക്ക് നേരെ തിരിഞ്ഞാലൊ എന്ന ഭയം. എനിക്കുമുണ്ടായിരുന്നു ആ ഭയം. അതുകൊണ്ട് കുറേ ദിവസം മാറി നിന്നു, പക്ഷെ സഹികെട്ട് ഒരു കമന്റ് അവിടെ വെക്കാതെയിരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല. അതാണ് ഞരമ്പ് രോഗികളുടെ രണ്ടാമത്തെ ലക്ഷ്യം,
2. മറ്റുള്ള സ്ത്രീകളില്‍ ഭയം ജനിപ്പിക്കുക.

3. ഞരമ്പ് രോഗികള്‍ മിക്കപ്പോഴും മൂന്നോ നാലോ പേര്‍ അടങ്ങുന്ന ഒരു ചെറിയ കൂട്ടമായിരിക്കും.
ചാറ്റിലും മെയിലിലും ഒരു കൃത്യ സമയം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് വെച്ചായിരിക്കും മിക്കപ്പോഴും ആക്രമണം. ഒറ്റക്ക് ആക്രമിക്കാന്‍ ഇവര്‍ക്കും ഭയമുണ്ട്. മറ്റുള്ളവരുടെ സഹായമോ പ്രോത്സാഹനമോ ഒത്താശയൊ കാര്യമായി ഇല്ലാതെ ഒറ്റക്ക് ഒരു കാര്യം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല. ഒളിഞ്ഞ് ഇവരെ പ്രോത്സാഹിപ്പിക്കുന്ന മുന്‍പില്‍ മാന്യമായി നടിക്കുന്നവരും ഉണ്ട്. ഒരുവളെ ആക്രമിക്കന്നതുകണ്ട് രസം പിടിച്ച് അതിന്റെ പിന്നാലെ കൂടുന്നവരുമുണ്ട്.

4. ഞരമ്പ് രോഗികള്‍ അവിവാഹിതരായ ആണ്‍കുട്ടികളെന്ന് ധരിച്ചാല്‍ അത് ഒരു വങ്കത്തരമായിരിക്കും.
കല്ല്യാണം കഴിക്കാതിരിക്കാം, കല്ല്യാണം കഴിച്ചതാവും, കുഞ്ഞുമക്കള്‍ ഉണ്ടാവും, പെണ്‍മക്കള്‍ ഉണ്ടാവും, ചിലപ്പോള്‍ ഉപദ്രവിക്കുന്ന സ്ത്രീയോളം പ്രായമുള്ള മകളും ഉണ്ടാവും. എന്നാലതൊന്നും കൊണ്ട് ഈ രോഗം ശമിക്കില്ല. ബസ്സിലോ പൊതുസ്ഥലത്തോ സ്ത്രീ‍കളെ ആക്രമിക്കുന്നവരില്‍ അറുപത് കഴിഞ്ഞ അപ്പാപ്പനും ഉണ്ടായിരിക്കുന്നതുപോലെ തന്നെയിത്. യാതൊരു വ്യത്യാസവുമില്ല.

ഇനി എങ്ങിനെ ഇതിനെ ശക്തമായി പ്രതിരോധിക്കാം എന്ന് ആലോചിക്കാം.

1. ആദ്യം മനസ്സില്‍ തോന്നുന്ന ഭയം, എന്തെങ്കിലും പറഞ്ഞാല്‍ ഇനിയും ഞാന്‍ ആക്രമിക്കപ്പെടുമോയെന്നുള്ള ഭയം മാറ്റുക. ആളുകള്‍ ഉപദ്രവിക്കുമ്പോള്‍ സ്വന്തം അപ്പനോടും ആങ്ങളയോടുമൊക്കെ പറയാന്‍ പലപ്പോഴും ഞാന്‍ മടിക്കാറുണ്ട്. എന്റെ എന്തോ കുഴപ്പമാണെന്ന് ധാരണയിലാണത്. അല്ല എന്ന് ഞാനുള്‍പ്പെടെയുള്ള സ്ത്രീ സമൂഹം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീയാണ് ഞാനെന്നും എനിക്ക് പരിമിതികള്‍ ഉണ്ടെന്നും എനിക്കറിയാം. ഒറ്റക്ക് ഒരാക്രമിയെ നേരിടാനുള്ള മനോബലമോ ശാരീരിക ബലമോ എനിക്കില്ല. അതുകൊണ്ട് തന്നെ ഭയന്നിരുന്നാല്‍ ഇതില്‍ നിന്നും രക്ഷ നേടില്ലായെന്നും ആക്രമണം കൂടുകയേ ഉള്ളൂവെന്നും മനസ്സിലാക്കി ആരോടെങ്കിലും തുറന്ന് സംസാരിക്കണം. നമ്മുടെ ഭയത്തെ മുതലെടുക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക എന്നറിയണം.

2. ആക്രമികള്‍ എന്തു ഉദ്ദേശിക്കുന്നുവൊ, എന്നുവെച്ചാല്‍ ആക്രമിച്ച് വാ അടപ്പിക്കാം എന്നുള്ളത് ഒരു കാരണവശാലും സമ്മതിച്ച് കൊടുക്കരുത്. തുറന്ന് പറയാനുള്ള ആര്‍ജ്ജവം ഒരിക്കലും കൈമോശപ്പെടുത്തരുത്. ഒരു പുരുഷന്റെ അത്രയും തന്നെ അഭിപ്രായ സ്വാതന്ത്ര്യം സ്ത്രീക്കും ഉണ്ട്. അത് കുറവോ കൂടുതലൊ അല്ല, അതേ അളവില്‍ അവള്‍ക്കുമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനു സുരക്ഷ ഭയന്ന് ഒരിക്കലും വിട്ടുവീഴ്ചകള്‍ ചെയ്യരുത്.

3. ഒരു മാര്‍ഗ്ഗം ഇക്കൂട്ടരെ അവഗണിക്കുക്ക എന്നതാണ്. അങ്ങിനെ ആളുകള്‍ എക്സിസ്റ്റ് ചെയ്യുന്നില്ലായെന്നു തന്നെ പെരുമാറുക. അവര്‍ക്ക് വേണ്ടുന്ന ശ്രദ്ധ കിട്ടാതെ വരുമ്പോള്‍ അവര്‍ നിറുത്തും എന്ന് ആശിക്കാം. പക്ഷെ ഇതു മിക്കപ്പോഴും അത് കൂടാനുള്ള ചാന്‍സായിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. മൈല്‍ഡായിട്ട് രോഗം ബാധിച്ചവര്‍ നിറുത്തി പോവാറുണ്ട്. മിക്കവരും പക്ഷെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ആയിരിക്കും.

4. ഞരമ്പ് രോഗികളോട് ഒരിക്കലും നേരിട്ടൊ അല്ലാതെയൊ സംസാരിക്കാന്‍ പോകരുത്. ഇത് കര്‍ശനമായി പാലിച്ചിരിക്കണം. അതാണ് അവര്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ പ്രകോപിപ്പിച്ച് എന്തെങ്കിലും അവരെക്കൊണ്ട് പറയിപ്പിച്ച്, മറ്റുള്ളവരുടെ മുന്നില്‍ ആക്രമിച്ചവര്‍ തന്നെ വിക്റ്റിം ആവുക. “ദേ അവളുടെ നാവ് കണ്ടൊ? ഇതിനെതിരെ നമ്മള്‍ എങ്ങിനെ മീശയും വെച്ച് പ്രതിക്കാതിരിക്കും?”, “അവള്‍ക്ക് ഒരു ഞോണ്ട് കൊടുക്കണം. അവള്‍ അത് അര്‍ഹിക്കുന്നു” എന്നീ തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ അതുകൊണ്ട് തന്നെ ആക്രമികള്‍ക്ക് കിട്ടുകയും ചെയ്യും. ആക്രമികള്‍ക്ക് ഒരു കാരണവശാലും വിക്റ്റിം ആവാനുള്ള അവസരം നമ്മളായിട്ട് ഒരുക്കിക്കൊടുക്കരുത്.

5. അവഗണിച്ച് നോക്കിയിട്ടും ഇവര്‍ ആക്രമണം തുടരുന്നുവെങ്കിലോ രണ്ട് വട്ടമോ അതില്‍ കൂടുതലോ ആക്രമണങ്ങള്‍ തുടരെത്തുടരെ ഉണ്ടായാല്‍, ഉറക്കവും ജീവിതവും മറ്റും അതു കാരണം അവതാളത്തിലായാല്‍, അധികാരികളെ അല്ലെങ്കില്‍ അറിവുള്ളവരെ അറിയിക്കേണ്ട സമയമായി. ഇത് ചിലപ്പോള്‍ ദിവസങ്ങളായുള്ള ആക്രമണം ആയിരിക്കും, ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമാവാനും മതി. ഇത് ക്രിമിനല്‍ കുറ്റമാണെന്നും, ഇന്റര്‍നെറ്റ് ആയതുകൊണ്ട് സ്ത്രീകളെ ആക്രമിക്കാന്‍ ലൈസന്‍സുള്ള സ്ഥലമല്ലയിതെന്നും നമ്മള്‍ മനസ്സിലാക്കണം.

i. ആദ്യം ചെയ്യേണ്ടത്, ആക്രമണം ഉണ്ടായാല്‍ ഉടനെ മൌനമായി അവരെ നിരീക്ഷിക്കുക. ലഭ്യമാണെങ്കില്‍ (അല്ലെങ്കില്‍ അറിവുള്ളവരുടെ സഹായം തേടുക) അവരുടെ ഐപി അഡ്രസ്സ് (I.P Address - Internet Protocol Address), ഐ.എസ്.പി (ISP - Internet Service Provider), സ്ഥലം, കമന്റും പോസ്റ്റും ഇട്ട സമയം, എഴുത്തിന്റെ പാറ്റേണ്‍ എന്നിവ നിരീക്ഷിക്കുക. അതിന്റെ പ്രിന്റ് സ്ക്രീന്‍ (print screen), സോഫ്റ്റ് കോപ്പി (soft copy), ഹാര്‍ഡ് കോപ്പി (hard copy) എന്നിവ ആ നിമിഷം തന്നെ എടുത്തു വെക്കുക. ബുദ്ധിപൂര്‍വ്വം നിരീക്ഷിച്ചാല്‍ എത് കൊലകൊമ്പന്‍ ഞരമ്പ് രോഗിയാണെങ്കിലും പെട്ടെന്ന് ആളെ മനസ്സിലാക്കുവാന്‍ സാധിക്കും. ഏത് കള്ളനും മിക്കപ്പോഴും തിടുക്കത്തില്‍ വമ്പന്‍ തെറ്റുകള്‍ പറ്റും എന്നുള്ളതുകൊണ്ട് തന്നെ.

ii. ഉപദ്രവം വരുന്ന ഐ.എസ്.പിയെ വിവരം അറിയിക്കുക. അതോടൊപ്പം തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരം അറിയിക്കുക. വ്യക്തിപരമായി അടുപ്പമുള്ളവരോടൊക്കെ ഇന്നയാളാണെന്ന് പറയുകയും, അങ്ങിനെ പറഞ്ഞിട്ടുള്ളതിന്റെ തെളിവുകള്‍ സൂക്ഷിച്ചു വെക്കുകയും ചെയ്യുക. അതിനേക്കുറിച്ച് ആര്‍ക്കും എഴുതുന്ന ഈമെയിലുകളും കത്തുകളുമെല്ലാം സൂക്ഷിച്ചു ഭദ്രമായി വെക്കുക. എല്ലാ ഐ.എസ്.പി കള്‍ക്കും അബ്യൂസിനെക്കുറിച്ച് പരാതിപ്പെടാന്‍ ഒരു ഈമെയില്‍ അഡ്രസ്സ് ഉണ്ടാവും. അതിലേക്ക് പരാതിപ്പെടുമ്പോള്‍ അവര്‍ നമ്മള്‍ പറയുന്നത് ശരിയാണൊ എന്ന് അവരുടെ സെര്‍വറില്‍ നോക്കി വിലയിരുത്തിയതിനു ശേഷമേ എന്തെങ്കിലും ആക്ഷന്‍ എടുക്കകയുള്ളൂ.

iii. ഇന്റര്‍നെറ്റില്‍ പല ഞരമ്പ് രോഗികളും ഉപയോഗിക്കുന്ന ഒന്നാണ് അനോണിമസ് പ്രോക്സീസ് (Anonymous Proxies). ഇത് വെച്ച് രാജ്യം മാത്രമേ ഒരു പരിധി വരെ മറച്ചു വെക്കുവാന്‍ സാധിക്കുകയുള്ളൂ. അനോണിമസ് പ്രോക്സീസ് ഉപയോഗിക്കുന്നവരാണെങ്കിലും പോലീസ് ചോദിച്ചാല്‍, ഏത് രാജ്യത്തെ അനോണിമസ് പ്രോക്സി ഹോസ്റ്റ് ചെയ്യുന്നവര്‍ക്കും അത് ഉപയോഗിച്ച ആളുടെ മൊത്തം വിവരങ്ങള്‍ നിയമവശാല്‍ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ട് ആ മറവും ക്രിമിനല്‍ കുറ്റം കാണിക്കുമ്പോള്‍ അവര്‍ക്ക് സുരക്ഷ നല്‍കുന്നില്ല. മുഖം കാണില്ലാ എന്നു വെച്ച് സുരക്ഷിതരാണെന്നുള്ള തെറ്റായ ധാരണയിലാണ് മിക്കപ്പോഴും ഇതുപോലുള്ള അബ്യൂസ് ഉണ്ടാവുന്നത്. ഇന്റര്‍നെറ്റില്‍ ഒരു വാക്ക് എഴുതിയിട്ടാല്‍ പോലും അതിനൊരു മുദ്ര എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കും. എന്തിനു ഈ കാലത്ത് ഒരു പേപ്പര്‍ പ്രിന്റ് ഔട്ട് എടുത്താല്‍ പോലും അതെവിടെ നിന്ന്, എന്തു തരം ഏത് തരം പ്രിന്റര്‍ എന്ന് കണ്ട് പിടിക്കാനുള്ള സങ്കേതങ്ങളും സംവിധാനങ്ങളുണ്ട്. കമ്പ്യൂട്ടറില്‍ എന്ത് മാച്ച് കളഞ്ഞാലും അത് എവിടെ നിന്നെങ്കിലും പൊക്കി എടുക്കാനുള്ള വിദ്യകളും പോലീസിന്റെ കൈവശം ഉണ്ടാവും.

iv. നോര്‍ത്ത് അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും ഇന്റനെറ്റിലുള്ള സുരക്ഷയുടെ കാര്യത്തില്‍ വളരെ മുന്‍പന്തിയിലാണ്. ഒരൊറ്റ ഫോണ്‍ കോള്‍ മാത്രം മതിയാവും വിക്റ്റിമിനു. ദുബായ്, കുവൈത്ത് അങ്ങിനെയുള്ള ഗള്‍ഫ് നാടുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം വളരെ കര്‍ക്കശമായാണ് അവര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. അതിനുള്ള നിയമങ്ങള്‍ അവര്‍ കൊണ്ടുവന്നു കഴിഞ്ഞു. ഇന്ത്യയിലെ സൈബര്‍ സെല്ലും വളരെ ആക്റ്റീവ് ആണ്. ഇന്ത്യയിലേയും അമേരിക്കയിലേയും സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുവാനും അവര്‍ എങ്ങിനെയാണ് ഇതെല്ലാം നിരീക്ഷിക്കുന്നത് എന്ന് ഒരു പരിധി വരെ അറിയുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. ഇങ്ങിനെയുള്ള സൈബര്‍ സെല്ലിന്റെ പ്രത്യേകതകള്‍ 9/11നു ശേഷം എല്ലാ രാജ്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ അതീവ തല്പരാണ് എന്നുള്ളതാണ്. നിമിഷങ്ങള്‍ കൊണ്ട് കഫേയില്‍ ഇരിക്കുന്നവരെ പോലും ലോക്കേറ്റ് ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

6. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം കാണുമ്പോള്‍ പുരുഷന്മാര്‍ക്ക് ചെയ്യാവുന്നത്, നിശബ്ദരായി ഇരിക്കരുത് എന്നുള്ളതാണ്. അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നും പരോക്ഷമായും പ്രത്യക്ഷമായും ചെയ്യരുത്. മിക്കപ്പോഴും നിങ്ങളുടെ അസ്ഥാനത്തുള്ള ഒരു കമന്റോ ഒരു പരാമര്‍ശമോ ഒരു സ്മൈലിയൊ ആവും ഇങ്ങിനെയുള്ള ഞരമ്പ് രോഗികള്‍ ആക്രമണം അഴിച്ചു വിടാന്‍ കാത്ത് നില്‍‍ക്കുന്നത്. എതിര്‍ക്കണം എന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ എല്ലാ വിധത്തിലും എതിര്‍ക്കുക. അത് കമന്റായൊ, അല്ലെങ്കില്‍ ആരാണെന്ന് കണ്ട് പിടിക്കാന്‍ സഹായിക്കാനൊ, അല്ലെങ്കില്‍ മറ്റു വിധത്തിലൊ എതിര്‍ക്കുക. അത് സ്ത്രീകളുടെ ആത്മവിശ്വസം കൂട്ടുകയും, ഞരമ്പ് രോഗികള്‍ക്ക് അവരെ പുരുഷന്മാര്‍ തന്നെ ഒറ്റപ്പെടുത്തുന്നു എന്നുള്ളത് മനസ്സിലാവുകയും ചെയ്യും. കാരണം പൌരുഷമാണ് താന്‍ ചെയ്യുന്നതെന്ന തെറ്റായ ധാരണയിലാണ് ഈ രോഗം തുടങ്ങുന്നത്. തന്റെ ചെയ്തികള്‍ വെറും ഷണ്ഡത്വം ആണെന്ന് സ്വയം തിരിച്ചറിയുമ്പോഴാണ് ഈ രോഗം വിട്ടൊഴിയുന്നതും.

എന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന്:
ഇന്റര്‍നെറ്റില്‍ സ്ത്രീകളും കുട്ടികളും അല്പം മുന്‍കരുതല്‍ എടുക്കുന്നത് എപ്പോഴും നല്ലതാണ്. സ്വന്തം ഫോട്ടോയൊ, പേരൊ, അഡ്രസ്സൊ, ഫോണ്‍ നമ്പറോ അറിയാത്ത അല്ലെങ്കില്‍ നേരില്‍ കാണാത്ത പൂര്‍ണ്ണമായും വിശ്വാസമില്ലാത്ത മറ്റൊരാള്‍ക്കും കൈമാറരുത്. എത്ര സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പേരിലായാലും ശരി. അത് എത്ര കൈകള്‍ മാറിപ്പോവും എന്ന് തീര്‍ച്ചയില്ലെങ്കില്‍ ഒരിക്കലും കൊടുക്കരുത്. അതു കാരണം നിങ്ങളുടെ സൌഹൃദം അവരുമായി നഷ്ടപ്പെടുന്നുവെങ്കില്‍ അവരുടെ ഉദ്ദേശം നല്ലതല്ലായിരുന്നു എന്ന് തന്നെ മനസ്സിലാക്കുക.

പക്ഷെ എന്ത് പേരിലാണ് ബ്ലോഗുന്നതെങ്കിലും ഒരു മുഖമോ ഫോട്ടോയൊ ഇല്ലെങ്കിലും, പര്‍ദ്ദക്കുള്ളില്‍ ഒളിച്ചാലും, മരിച്ച് ശവമായാലും, ഞരമ്പ് രോഗികള്‍ക്ക് വെറുതെ ഒരു സ്ത്രീയാണെന്ന് മാത്രം അറിഞ്ഞാല്‍ മതി ആക്രമിക്കുവാന്‍. അതുകൊണ്ട് തന്നെ ആക്രമണം അതുകൊണ്ട് പ്രതിരോധിക്കാന്‍ പറ്റില്ല, മറിച്ച് ആക്രമണത്തിന്റെ അളവ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ സാധിക്കും. തിരക്കുള്ള ബസ്സില്‍ കയറുമ്പോള്‍ കൈയ്യില്‍ കരുതുന്ന സേഫ്റ്റി പിന്നൊ കോമ്പസ്സോ പോലെയാണത്.

Notable Links:
1. Blank Noise Project
2. Controlling Eve-Teasing
3. Eve-Teasing in India